Cryptochrome
1 min readSep 25, 2021

--

ക്രിപ്‌റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ഒന്നര മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചായാണ് വിപണികൾ നേരിടുന്നത്. ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെയുടെ പതനമാണ് വിപണികളെ ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വിപണികൾ ഇടിയുമെന്നാണു നിലവിലെ വിലയിരുത്തൽ. ചൈന അടുത്തിടെ ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോ കറൻസികളുടെ പ്രവർത്തനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനിടെ 3- 4 ശതമാനത്തിനു മുകളിൽ ഇടിവാണ് ബിറ്റ്കോയിൻ നേരിട്ടത്. എഥേറിയം, ഡോഷ്‌കോയിൻ തുടങ്ങിയ ക്രിപ്‌റ്റോ കറൻസികളും 4- 8 ശതമാനം ഇടിഞ്ഞിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഭീമന്റെ തകർച്ച യു.എസ്. ഓഹരി വിപണികളിൽ വലിയ തിരുത്തലിനു വഴിവച്ചു. ഇതോടെ ബിറ്റ്‌കോയിനടക്കം തളരുകയായിരുന്നു.

എവർഗ്രാൻഡെയുടെ പതനം ചൈനയെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു തള്ളിയിടുമെന്ന വാദവും ശക്തമാകുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ രാജ്യാന്തര വിപണികളിലെ പ്രത്യാഘാതങ്ങളും പ്രവചനാതീതമായിരിക്കും. ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് സ്ഥാപനമാണ് തകർന്നടിഞ്ഞത്. 30000 കോടി ഡോളറിന്റെ ബാധ്യതയാണ് നിലവിൽ കമ്പനിക്കു കണക്കാക്കുന്നത്. കോവിഡെത്തിയതോടെ കാര്യങ്ങൾ ദുഷ്‌കരമായി ഒരു വർഷത്തിനിടെ കമ്പനി ഓഹരികൾ 85 ശതമാനത്തോളം ഇടിഞ്ഞെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൈനീസ് സർക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് കമ്പനിയിലെ നിക്ഷേപകർ.

അതേസമയം പുതുനിക്ഷേപങ്ങൾക്കു തയാറെടുക്കുന്നവർക്കു കാര്യങ്ങൾ അനുകൂലമാണെന്നാണു വിദഗ്ധരുടെ വാദം. ബിറ്റ്‌കോയിനടക്കമുള്ള പ്രമുഖ കോയിനുളകൾ താരതമ്യേന ചുളുവിലയിൽ സ്വന്തമാക്കാം. ഈ വർഷം അവസാനത്തോടെ ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളർ പിന്നിടുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ബിറ്റ്‌കോയിന്റെ മൂല്യം 65,000 ഡോളർ വരെ ഉയർന്നിരുന്നു. മിക്ക ക്രപ്റ്റോ കറൻസി എക്സചേഞ്ചുകളുടേയും താഴ്ന്ന പരിധിയിലാണ് ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തിരിച്ചുവരവ് വൈകുമെന്ന സൂചനയും വിപണികൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ഈ വർഷം അ‌വസാനത്തോടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയുടെ ടെസ്റ്റിങ് ആരംഭിക്കുകയാണ്. ഔദ്യോഗിക കറൻസിയല്ലാതെ മറ്റ് ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കില്ലെന്ന നിലപാടിൽനിന്നു സർക്കാർ പിന്നോട്ടുപോയെന്നാണു ലഭ്യമായ വിവരം. നിരോധനങ്ങൾക്കു പകരം നിക്ഷേപങ്ങൾക്കു നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. ലോകത്ത് ക്രിപിറ്റോ നിക്ഷേങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

--

--

Cryptochrome

We create mini articles about cryptocurrency in Malayalam on Daily Basis🚀 So we are expecting some some big from you guyz☺️