Cryptochrome
2 min readSep 22, 2021

--

ലോകം മുഴുവൻ ക്രിപ്റ്റോകറൻസികളുടെ അവിശ്വസനീയമായ വളർച്ചക്കു സാക്ഷ്യം വഹിച്ച പത്ത് വർഷങ്ങളാണ് കടന്നുപോയത്. ഏതു രാജ്യത്തുനിന്നും, ആര്, എങ്ങനെ ആരംഭിച്ചുവെന്ന് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ലാത്ത ബിറ്റ്‌കോയിൻ ഇതുവരെയുണ്ടായ നിക്ഷേപ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ബിറ്റ്‌കോയിന്റെ വിജയത്തോടെ ഒരുപാടു ക്രിപ്റ്റോകറൻസികൾ വീണ്ടും ഉദയം ചെയ്തു. ഇവയുടെ വില ഏതുസമയവും പൊട്ടാവുന്ന ഒരു കുമിളയാണ് എന്ന് ആദ്യം തൊട്ടേ പറയുന്നുണ്ടെങ്കിലും, നിക്ഷേപം കുമിഞ്ഞുകൂടി വളരുന്ന ഒരു അവസ്ഥയാണ് പിന്നീട് കണ്ടത്. ക്രിപ്റ്റോകറൻസികളോടനുബന്ധിച്ചുള്ള മോഷണങ്ങളുടെയും വാലറ്റുകളുടെയും വളർച്ച കൂടിയതോടെ ഒരുപാടു മാറ്റങ്ങൾ അവയുടെ സാങ്കേതിക വിദ്യയിലുമുണ്ടായി. ഓരോ രാജ്യവും ഇവയെ അംഗീകരിക്കുവാനും, നിരോധിക്കുവാനും നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിൽകൂടി ഇപ്പോഴും ഒരു കൃത്യത ഇല്ലാത്ത അവസ്ഥയുണ്ട്. ബിറ്റ്‌കോയിന്റെ ആദ്യകാലങ്ങളിൽ നിക്ഷേപകർ വളരെ കുറവായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ പടിപടിയായുള്ള നിക്ഷേപവളർച്ച ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുടെ വരവിനു കാരണമായി.

അഞ്ചു വർഷത്തിനിടെ വളർച്ച 5805 ശതമാനം

2016 ജൂലൈ മുതൽ 2021 ജൂലൈ വരെ അഞ്ചു വർഷത്തിനിടെ ബിറ്റ്‌കോയിനുണ്ടായ വളർച്ച 5805 ശതമാനമാണ്. 2011 ജൂലൈ മാസത്തിൽ ഒരു ബിറ്റ്‌കോയിനിനു 13.91 ഡോളറായിരുന്നു വില. അന്ന് ആയിരം ഡോളറിന്, ബിറ്റ്‌കോയിൻ വാങ്ങിയിരുന്നെങ്കിൽ 71.89 ബിറ്റ്‌കോയിൻ ലഭിക്കുമായിരുന്നു. അത്രയും ബിറ്റ്കോയിന്റെ 2021 ജൂലൈയിലെ വില 2785737.50 ഡോളർ ആകുമായിരുന്നു. അതായത് 278476.56 ശതമാനം വളർച്ച ഉണ്ടായിട്ടുണ്ട് എന്നാണ് സി ൻ ബി സി യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പത്തു വർഷത്തെ കണക്കെടുപ്പിൽ, സ്വർണം, ഓഹരി, റിയൽ എസ്റ്റേറ്റ്, മറ്റ് കറൻസികൾ ഇവയ്ക്കൊന്നിനും ബിറ്റ്‌കോയിന്റെ വളർച്ചയുടെ ഏഴയത്ത് പോലും എത്തുവാൻ സാധിച്ചിട്ടില്ല. ഇനിയും ബിറ്റ്‌കോയിൻ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മുന്നറിയിപ്പ്

എന്നാൽ ബിറ്റ്കോയിൻ വിലയിൽ കൃത്രിമം ഉണ്ടെന്ന് രാജ്യാന്തര ഏജൻസികൾ മുതൽ ഗവൺമെന്റുകൾ വരെ മുന്നറിയിപ്പ് പല അവസരത്തിലും നൽകിയിട്ടുണ്ട്. ബിറ്റ്കോയിൻ വില ഓരോ വർഷവും കൂടുമ്പോഴും, വിലയിലെ സ്ഥിരതയില്ലായ്മ നിക്ഷേപകരെ വല്ലാതെ വലച്ചിരുന്നു. സാമ്പത്തിക ശാസ്ത്ര നോബെൽ ജേതാക്കളിൽ പലരും ബിറ്റ് കോയിൻ പൊട്ടാൻ പോകുന്ന കുമിളയാണെന്നു പല സന്ദർഭങ്ങളിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭീമമായ വൈദ്യുതിയാണ് ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളുടെ ഖനനത്തിനായി ആവശ്യം വരുന്നത്. കുമിഞ്ഞുകൂടുന്ന ഇലക്ട്രോണിക് മാലിന്യമാണ് ക്രിപ്റ്റോകറൻസികൾ ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‍നം. ബിറ്റ് കോയിൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ കാലാവസ്ഥാവ്യതിയാനത്തിൽനിന്നും ലോകത്തെ രക്ഷിക്കണമെന്ന് വാദിക്കുന്നവർ പോലും ബിറ്റ് കോയിൻ ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുന്നില്ല.

സംഘടിതമായ ചൂതാട്ടം

ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളുടെ വിജയത്തെത്തുടർന്നു ഇപ്പോൾ 11,145 ക്രിപ്റ്റോകറൻസികളെങ്കിലും ഉദയം ചെയ്തിട്ടുണ്ട്. ഓരോ ദിവസവും പുതിയ ക്രിപ്റ്റോകറൻസികൾ മാർക്കറ്റിലേക്ക് വരുന്നുമുണ്ട്. റഷ്യ പോലുള്ള രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ് പല ക്രിപ്റ്റോകറൻസികളുമെന്നത് പരസ്യമായ രഹസ്യമാണ്. വിൽക്കുന്നവർ തന്നെ വാങ്ങുകയും, കൃത്രിമമായി വിലകൾ ഉയർത്തുകയും പിന്നീട് വാർത്തകൾ ഉണ്ടാക്കി വില ഇടിക്കുകയും അല്ലെങ്കിൽ വില ഉയർത്തുകയും ചെയ്യുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഓരോ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലും നടക്കുന്നുണ്ട്. വളരെ സംഘടിതമായ ചൂതാട്ടമാണ് ക്രിപ്റ്റോകറൻസികളെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത് ഇതുകൊണ്ടാണ്.

വിശകലനങ്ങൾ വ്യത്യസ്തം

ഓരോ ദിവസവും, ക്രിപ്റ്റോകറൻസികളിലുണ്ടാകുന്ന വൻ വിലവ്യതിയാനങ്ങൾക്ക് അടിസ്ഥാനപരമായ കാരണങ്ങൾ ഒന്നുമില്ലെങ്കിലും, ഇതെല്ലാം നിയന്ത്രിക്കുന്നവർക്ക് കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണ്. പത്തു വർഷത്തെ ബിറ്റ്കോയിൻ ആദായം പരിശോധിക്കുമ്പോൾ തന്നെ പല വെബ്സൈറ്റുകളും, 2011ലെ ഒരേ ദിവസം തന്നെ വ്യത്യസ്ത വിലകളാണ് കാണിക്കുന്നത്. സമാന രീതിയിലല്ല 2011ൽ ഇതിന്റെ കൈമാറ്റം നടന്നിരുന്നത് എന്നതിന് തെളിവാണിത്. ഇതൊക്കെ കൊണ്ടാണ് ഇതുവരെ ബിറ്റ് കോയിൻ നൽകിയ ആദായം കണക്കാക്കുമ്പോൾ പോലും പലരുടെയും വിശകലനങ്ങൾ വ്യത്യസ്തമായിരിക്കുന്നത്.

--

--

Cryptochrome

We create mini articles about cryptocurrency in Malayalam on Daily Basis🚀 So we are expecting some some big from you guyz☺️